പച്ചപ്പിന്റെ വസന്തം: വയനാടൻ മൺസൂൺ ടൂറിസം


      കേരളത്തിൽ മഴക്കാലം വെറുമൊരു മാറ്റമല്ല, അതൊരു ആഘോഷമാണ്. പ്രത്യേകിച്ച് വയനാടിന്റെ മണ്ണിൽ മൺസൂൺ എത്തുമ്പോൾ പ്രകൃതി അതിന്റെ ഏറ്റവും മനോഹരമായ ഭാവം കൈക്കൊള്ളുന്നു. കുന്നുകളും താഴ്‌വരകളും പച്ചപ്പുതപ്പ് അണിയുകയും, അരുവികളും വെള്ളച്ചാട്ടങ്ങളും പുനർജനിക്കുകയും ചെയ്യുന്ന കാഴ്ച്ച സഞ്ചാരികളെ ഒരേപോലെ ആകർഷിക്കുന്ന ഒന്നാണ്. ഓഫ്-സീസൺ എന്ന് പണ്ട് വിളിക്കപ്പെട്ടിരുന്ന മഴക്കാലം ഇന്ന് വയനാട്ടിലെ ഏറ്റവും സജീവമായ ടൂറിസം സീസണുകളിൽ ഒന്നായി മാറിയിരിക്കുന്നു.

മഞ്ഞിൻ പുതപ്പണിഞ്ഞ ലക്കിടിയും ചുരവും

വയനാട്ടിലേക്കുള്ള യാത്ര തുടങ്ങുന്നത് തന്നെ പ്രശസ്തമായ താമരശ്ശേരി ചുരം വഴിയാണ്. മഴക്കാലത്ത് ചുരം കയറുന്നത് സമാനതകളില്ലാത്ത ഒരു അനുഭവമാണ്. ഒമ്പത് ഹെയർപിൻ വളവുകളിലൂടെ, കാർമേഘങ്ങളെ തൊട്ടുരുമ്മി, പെയ്യുന്ന മഴയിൽ വണ്ടിയോടിക്കുന്നത് സഞ്ചാരികൾക്ക് വലിയൊരു ആവേശമാണ്.
കേരളത്തിലെ 'ചിറാപുഞ്ചി' എന്നറിയപ്പെടുന്ന ലക്കിടി യാണ് മഴക്കാലത്തെ മറ്റൊരു പ്രധാന ആകർഷണം. എപ്പോഴും പെയ്യുന്ന നൂൽമഴയും, തൊട്ടുമുന്നിലുള്ള കാഴ്ച്ചകളെപ്പോലും മറയ്ക്കുന്ന കനത്ത മഞ്ഞും ലക്കിടിയെ ഒരു മാന്ത്രിക ഭൂമിയാക്കി മാറ്റുന്നു.

നിറഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങൾ 

മഴക്കാലത്ത് വയനാട്ടിലെ വെള്ളച്ചാട്ടങ്ങൾ അതിന്റെ പൂർണ്ണ വനത്തിലാണ് പ്രകൃതിക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്.
 മീൻമുട്ടി വെള്ളച്ചാട്ടം: മൂന്ന് തട്ടുകളായി കാടിനുള്ളിൽ പതിക്കുന്ന ഈ വെള്ളച്ചാട്ടത്തിന്റെ മഴക്കാലത്തെ ഗാംഭീര്യം കാണേണ്ടതുതന്നെയാണ്.

സൂചിപ്പാറ (സെന്റിനൽ റോക്ക് വെള്ളച്ചാട്ടം):

 ശക്തമായ വെള്ളച്ചാട്ടവും അതിനു ചുറ്റുമുള്ള പാറക്കെട്ടുകളും മഴ നനഞ്ഞു നിൽക്കുന്ന കാഴ്ച്ച അതിമനോഹരമാണ്.

കാന്തൻപാറ:

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ സുരക്ഷിതമായി ആസ്വദിക്കാൻ കഴിയുന്ന ഈ വെള്ളച്ചാട്ടം മഴക്കാലത്ത് കൂടുതൽ സജീവമാകുന്നു. 

ബാണാസുര സാഗറും പൂക്കോട് തടാകവും

ഇന്ത്യയിലെ ഏറ്റവും വലിയ മൺഅണക്കെട്ടായ ബാണാസുര സാഗർ ഡാം മഴക്കാലത്ത് സന്ദർശിക്കുന്നത് വേറിട്ടൊരു അനുഭവമാണ്. ഡാമിന് ചുറ്റുമുള്ള ചെറിയ ദ്വീപുകളും, പശ്ചാത്തലത്തിൽ മൂടൽമഞ്ഞിൽ മുങ്ങിനിൽക്കുന്ന ബാണാസുര മലനിരകളും ചേരുമ്പോൾ അതൊരു മനോഹരമായ ലാൻഡ്സ്കേപ്പ് ചിത്രമായി മാറുന്നു. കനത്ത മഴയില്ലാത്ത സമയങ്ങളിൽ ഇവിടുത്തെ സ്പീഡ് ബോട്ട് യാത്ര സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.
അതുപോലെ തന്നെ കാടിനാൽ ചുറ്റപ്പെട്ട പൂക്കോട് തടാകത്തിൽ മഴ പെയ്യുമ്പോൾ ബോട്ടിംഗ് നടത്തുന്നത് പ്രകൃതിയോട് കൂടുതൽ അടുത്തുനിൽക്കുന്ന അനുഭൂതി പ്രധാനം ചെയ്യുന്നു.

മൺസൂൺ ടൂറിസത്തിന്റെ പുതിയ ട്രെൻഡുകൾ

മഴ ആസ്വദിക്കാൻ മാത്രമായി ഇന്ന് നിരവധി ആളുകൾ വയനാട്ടിലേക്ക് എത്തുന്നുണ്ട്. ഇതിനായി ടൂറിസം മേഖലയും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്.

മഡ് ഫെസ്റ്റിവലുകൾ:

ചെളിയിൽ കളിക്കാനും ആസ്വദിക്കാനുമായി പ്രത്യേക 'മഡ് ഫുട്ബോൾ', 'മഡ് റേസിംഗ്' എന്നിവ മഴക്കാലത്ത് സംഘടിപ്പിക്കാറുണ്ട്.

റിസോർട്ട് സ്റ്റേയും പ്രകൃതിവിരുന്നും:

 പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന വയനാട്ടിലെ ട്രീ ഹൗസുകളും ഹോംസ്റ്റേകളും മഴക്കാലത്ത് പ്രത്യേക പാക്കേജുകൾ നൽകാറുണ്ട്. ജനാലയ്ക്കപ്പുറം പെയ്യുന്ന മഴ കണ്ട്, ചൂടു കാപ്പിയും കുടിച്ച് വിശ്രമിക്കുന്നത് ഇവിടുത്തെ പ്രധാന ആകർഷണമാണ്.

കർക്കിടക സുഖചികിത്സ:

മഴക്കാലം ആയുർവേദത്തിന് ഏറ്റവും അനുയോജ്യമായ സമയമാണ്. ശരീരം ശുദ്ധീകരിക്കുന്നതിനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനുമുള്ള ആയുർവേദ മൺസൂൺ പാക്കേജുകൾ തേടി നിരവധി വിദേശികളും സ്വദേശികളും ഈ സമയത്ത് വയനാട്ടിലെത്തുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 മഴക്കാലത്തെ വയനാട് യാത്ര അതീവ മനോഹരമാണെങ്കിലും ചില മുൻകരുതലുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്. വനമേഖലകളിലും വെള്ളച്ചാട്ടങ്ങളിലും പോകുമ്പോൾ ഗൈഡുകളുടെയും ടൂറിസം വകുപ്പിന്റെയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക. മലയോര മേഖലകളിൽ ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ കാലാവസ്ഥാ പ്രവചനങ്ങൾ ശ്രദ്ധിച്ച് മാത്രം യാത്രകൾ പ്ലാൻ ചെയ്യുക.

പ്രകൃതിയുടെ പച്ചപ്പും മഴയുടെ സംഗീതവും മഞ്ഞിന്റെ കുളിരും ഒന്നിച്ച് അനുഭവിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു സഞ്ചാരിക്കും വയനാടൻ മൺസൂൺ ടൂറിസം ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത ഒരു അനുഭവമായിരിക്കും സമ്മാനിക്കുക.

                           FAIZAL AHSANI NILGIRIS

EXPLORE WAYANAD See More….