വയനാട്ടിലെ ദുരന്തവാർത്തകൾ പങ്കുവെക്കുമ്പോൾ ഉത്തരവാദിത്തം പാലിക്കണം: ടൂറിസം മേഖലയെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
വയനാട്: ജില്ലയിൽ ഉണ്ടായ ഒറ്റപ്പെട്ട ദുരന്തങ്ങളുമായി ബന്ധപ്പെട്ട വാർത്തകളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കുമ്പോൾ പൊതുജനങ്ങളും ഓൺലൈൻ മാധ്യമങ്ങളും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും വിനീതമായി അഭ്യർഥിക്കുന്നു.
യഥാർത്ഥ വിവരങ്ങൾ സ്ഥിരീകരിക്കാതെയുള്ള പ്രചാരണങ്ങളും, പഴയ ദൃശ്യങ്ങൾ പുതിയ സംഭവങ്ങളെന്ന രീതിയിൽ പ്രചരിപ്പിക്കുന്നതും, ജില്ല മുഴുവൻ സുരക്ഷിതമല്ലെന്ന തെറ്റായ ധാരണ സൃഷ്ടിക്കുന്ന രീതിയിലുള്ള ഉള്ളടക്കങ്ങളും വിനോദസഞ്ചാര മേഖലയെ പ്രതികൂലമായി ബാധിക്കുന്നതാണ്.
പ്രകൃതിദുരന്തങ്ങളോ അപകടങ്ങളോ സംഭവിക്കുമ്പോൾ അവ ജനങ്ങളെ അറിയിക്കുന്നത് മാധ്യമങ്ങളുടെ ഉത്തരവാദിത്തമാണ്. എന്നാൽ, ഭയവും ആശങ്കയും അനാവശ്യമായി വർധിപ്പിക്കുന്ന തരത്തിലുള്ള തലക്കെട്ടുകളും പ്രചരണമുറകളും ഒഴിവാക്കേണ്ടതുണ്ടെന്നും അഭിപ്രായമുണ്ട്.
വയനാട് ജില്ലയിലെ ഭൂരിഭാഗം വിനോദസഞ്ചാര കേന്ദ്രങ്ങളും താമസസൗകര്യങ്ങളും വിനോദസഞ്ചാര പ്രവർത്തനങ്ങളും ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുടെ നിർദേശങ്ങൾ അനുസരിച്ച് സാധാരണ നിലയിൽ പ്രവർത്തിക്കുന്ന സാഹചര്യങ്ങളിൽ, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് പ്രാദേശിക സമ്പദ്‌വ്യവസ്ഥയെയും ആയിരക്കണക്കിന് കുടുംബങ്ങളുടെ ഉപജീവനമാർഗങ്ങളെയും ബാധിക്കാൻ ഇടയാക്കും.
ദുരന്തസാഹചര്യങ്ങളിൽ ഔദ്യോഗിക ഏജൻസികൾ നൽകുന്ന അറിയിപ്പുകളും നിർദേശങ്ങളും മാത്രം വിശ്വസിക്കുകയും, സ്ഥിരീകരിക്കാത്ത വിവരങ്ങൾ പങ്കുവെക്കാതിരിക്കുകയും ചെയ്യണമെന്ന് പൊതുജനങ്ങളോടും സോഷ്യൽ മീഡിയ ഉപയോക്താക്കളോടും അഭ്യർഥിച്ചിട്ടുണ്ട്.
വാർത്തകൾ പങ്കുവെക്കാം, പക്ഷേ ഉത്തരവാദിത്തത്തോടെയും വസ്തുതകളുടെ അടിസ്ഥാനത്തിലുമായിരിക്കണം. സുരക്ഷയെക്കുറിച്ചുള്ള ഔദ്യോഗിക നിർദേശങ്ങൾ മാനിക്കുകയും, വയനാട്ടിലെ ടൂറിസം മേഖലയെ അനാവശ്യമായി ബാധിക്കുന്ന തരത്തിലുള്ള തെറ്റായ പ്രചാരണങ്ങൾ ഒഴിവാക്കുകയും ചെയ്യേണ്ടത് എല്ലാവരുടെയും സാമൂഹിക ഉത്തരവാദിത്തമാണ്."
WAYANAD TOURISM EXPLORE See More…..